Staff and students

Friday, August 20, 2010

മഹാകവി പി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ വെള്ളിക്കോത്ത്

കാസര്‍ഗോഡ് ജില്ലയിലെ തീരദേശഗ്രാമമായ അജാനൂരിന്റെ തലസ്ഥാനമെന്ന് വെള്ളിക്കോത്തിനെ വിശേഷിപ്പിക്കാം.ഒട്ടേറെ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം നിന്ന നാട്. വടക്കേ മലബാറിന്റെ ചരിത്രഗതിയെ മാറ്റിമറിച്ച പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും രൂപം കൊണ്ട പ്രദേശം. മലയാളഭാഷയെ സമ്പന്നമാക്കിയ കവിതകളും നാടകങ്ങളും രചിക്കപ്പെട്ട പ്രദേശം. വിദ്വാന്‍ പി. കേളുനായരുടെ കര്‍മ്മകേന്ദ്രമെന്ന നിലയിലും മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ജന്മദേശമെന്ന നിലയിലും പുകള്‍കൊണ്ട നാട്. ഈ ധന്യഭൂമി ആദ്യകാലത്ത് കാഞ്ഞങ്ങാട് പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രവും അതോടൊപ്പം വാണിജ്യകേന്ദ്രവുമായിരുന്നു.1906 ഏപ്രില്‍ മാസം ബോര്‍ഡ് എലിമെന്ററി സ്കുള്‍ ആയി മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലാണ് ഈ മഹദ് വിദ്യാലയം പ്രവര്‍ത്തനം തുടങ്ങുന്നത്. ഇതേ കാലയളവില്‍ തന്നെയാണ് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പൊന്‍കിരണങ്ങള്‍ ഈ ഗ്രാമത്തെ ഉണര്‍ത്തുപാട്ടായ് മാറ്റുന്നതിനായ് സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞു വെച്ച വിദ്വാന്‍ പി. കേളുനായര്‍ വിജ്ഞാനദായിനി എന്ന സംസ്കൃത പാഠശാലയുടെ പ്രവര്‍ത്തനവും ആരംഭിക്കുന്നത്. കൊല്ലടത്ത് കണ്ണന്‍ നായര്‍ എന്ന മഹദ് വ്യക്തി സംഭാവന ചെയ്ത സ്ഥലത്താണ് ഈ ഏകാധ്യാപക വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്.
സ്വാതന്ത്ര്യാനന്തരം 1948-ല്‍ ആണ് ഈ വിദ്യാലയം ഹയര്‍ എലിമെന്ററി സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. തുടര്‍ന്ന് വെള്ളിക്കോത്തിന്റെ സാമൂഹ്യ-സാംസ്കാരിക ചലനങ്ങളുടെ സിരാകേന്ദ്രമായ് വര്‍ത്തിച്ചത് ഈ സ്കൂളാണെന്നത് ആവേശകരമായ വസ്തുതയാണ്. ഈ കാലയളവില്‍ അധ്യാപനം എന്ന മഹത് പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ത്ഥി സമൂഹത്തെ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ഉന്നത നിലവാരത്തിലെത്തിക്കാന്‍ തങ്ങളുടെ ജീവിതത്തിലൂടെ ശ്രമിച്ച ധന്യരാണ് ശ്രീ. സുബ്രഹ്മണ്യന്‍ നമ്പൂതിരി മാസ്റ്റര്‍, ശ്രീ. അപ്പു മാസ്റ്റര്‍, ശ്രീ. സത്യനാരായണന്‍ മാസ്റ്റര്‍,
ശ്രീ. ഗോപാലന്‍ കുരിക്കള്‍ മാസ്റ്റര്‍, ശ്രീ. എന്‍. സി. കണ്ണന്‍ മാസ്റ്റര്‍, ശ്രീ. കെ. ഗോപാലന്‍ മാസ്റ്റര്‍, ശ്രീ. മാധവന്‍ മാസ്റ്റര്‍, ശ്രീ. മാരാര്‍ മാസ്റ്റര്‍ എന്നീ ഗുരുഭൂതന്മാര്‍.
1976-ല്‍ ആണ് ഈ വിദ്യാലയം ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെടുന്നത്. 1979 ലാണ് ഈ വിദ്യാലയത്തിന് മലയാള സാഹിത്യത്തിലെ മേഘരൂപനായ മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ പേരു നല്കുന്നത്. അന്നുമുതല്‍ ഈ വിദ്യാലയം മഹാകവി പി. സ്മാരക ഹൈസ്കൂള്‍ ആയി പുനര്‍നാമകരണം ചെയ്യപ്പെട്ടു. തുടര്‍ന്ന്  1992 ഒക്ടോബര്‍ മാസത്തില്‍ ഈ വിദ്യാലയം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി മാറി.

സ്ഥാപിതവര്‍ഷം=1906
സ്കൂള്‍ വിലാസം
അജാനൂര് പി.ഒ,
വെള്ളിക്കോത്ത്പിന്‍ കോഡ് 671531
സ്കൂള്‍ ഫോണ്‍=04672266273
സ്കൂള്‍ ഇമെയില്‍=12018bellikoth@gmail.com
                                           

No comments:

Post a Comment